Wednesday, December 5, 2007

കണക്കിലെ കളികള്‍



ഉമ്മറത്തെ ചാരുകസേരയിലിരുന്നു കുട്ട്യോളുടെ കണക്കിന്റെ ഉത്തരക്കടലാസ് നോക്കുകയായിരുന്നു കുറുപ്പുമാഷ്.

പെട്ടന്നായിരുന്നു അത് സംഭവിച്ചത്.

അലവിമാഷുടെ കുരുത്തംകെട്ട ചെക്കന്റെ ഉത്തരക്കടലാസില്‍നിന്നും ഒരു എട്ട് പുറത്തേക്കിറങ്ങി ഓടി.

പാവം കുറുപ്പുമാഷിന് ആദ്യമൊന്നും മനസ്സിലായില്ല. പുറത്തേക്കുചാടിയ എട്ട് ഉമ്മറത്തിണ്ണയില്‍ കയറിനിന്ന് മാഷെനോക്കി പല്ലിളിച്ചുകാട്ടിയപ്പോളാണ്…..

അന്ധാളിച്ചിരുന്നുപോയി മാഷ്.

അലവിമാഷിന്റെ കുരുത്തംകെട്ട ചെക്കന്റെ ഉത്തരക്കടലാസാണ്. പുലിവാലാകും മുത്തപ്പാ.

ഉത്തരക്കടലാസുകള്‍ ഒരുവശത്തുവച്ച് മാഷ് ചാരുകസേരയില്‍നിന്ന് എഴുന്നേറ്റു. പതിയെ ഉമ്മറത്തിണ്ണയിലിരിക്കുന്ന എട്ടിനുനേരെ കൈനീട്ടി. ഒരു കുട്ടിക്കരണം മറിഞ്ഞ്, ഉമ്മറമുറ്റത്തെത്തി തുള്ളിച്ചാടുന്ന എട്ടിനെനോക്കി തലയില്‍ കൈവച്ചുപോയി കുറുപ്പുമാഷ്. അപ്പോള്‍ പിന്നില്‍ നിന്ന് ഒരു പൊട്ടിച്ചിരി. അതുകേട്ട് തിരിഞ്ഞുനോക്കിയ മാഷ് തെല്ലുറക്കെത്തന്നെ മുത്തപ്പനെ വിളിച്ചുപോയി…

അലവിമാഷിന്റെ കുരുത്തംകെട്ട ചെക്കന്റെ ഉത്തരക്കടലാസില്‍ നിന്നും അക്കങ്ങള്‍ ഒന്നൊന്നായി ഇറങ്ങിയോടുന്നു. എട്ടിനുപിറകെ ഒരേഴ്. പിന്നാലെ അഞ്ചും മൂന്നും. അങ്ങനെ ഒന്നൊന്നായി ഉത്തരക്കടലാസിലെ അക്കങ്ങള്‍……….

ഭാഗീരഥീയെന്ന് തെല്ലുറക്കെ വിളിച്ചുപോയി മാഷ്. മുത്തപ്പനെ വിളിച്ചിട്ട് കാര്യമില്ലാത്തിടത്ത് ഭാഗീരഥിതന്നെ ശരണം! മറുവിളി കേള്‍ക്കാന്‍ നില്‍ക്കാതെ മുറ്റത്തിറങ്ങി അക്കങ്ങളുടെ പിന്നാലെ ഓടിക്കിതച്ചു, മാഷ്.

അക്കങ്ങളാകട്ടെ മാഷിനെയിട്ട് വട്ടം ചുറ്റിച്ചു. ആ കുരുത്തംകെട്ട ചെക്കന്റെ ഉത്തരക്കടലാസാണ്. ആലോചിക്കുംതോറും കുറുപ്പുമാഷ്ക്ക് ആധികേറി.

വാധ്യാരുപണിക്കുപുറമെ തേങ്ങാകച്ചവടം കൂടിയുണ്ട് അലവിമാഷിന്. അതിന്റെ കണക്കും കിത്താബും ഒക്കെ നോക്കുന്നതോ ഈ ചെക്കനും. അലവിമാഷിന് തേങ്ങാ വില്‍ക്കാറുണ്ടു കുറുപ്പു മാഷും. ചെക്കന്റെ ഭാഷയില്‍ അവരുടെ ഒരു കസ്റ്റമറാണ് കുറുപ്പുമാഷ്. തേങ്ങാവില്പനയുടെ സെറ്റില്‍മെന്റും കാര്യങ്ങളും ഒക്കെ ഈ ചെക്കനാണ്.

‘മാസേ, തേങ്ങാക്കൊക്കെ വെലക്കൊറവാ. രണ്ടുറ്പ്യ എണ്‍പത്തഞ്ച് പൈസക്കാ തേങ്ങാ മാങ്ങണേ. മാസക്കായോണ്ട് രണ്ടുറ്പ്യ തൊണ്ണൂറ്റഞ്ചു വച്ചു കൂട്ടാം. കയിഞ്ഞായ്ചത്തെ
മുന്നൂറ്റി എണ്‍പത്തേയ് തേങ്ങേല്‍ പതിമൂന്നെണ്ണം പോടും കയിച്ച് ബാക്കിക്ക് എത്ര കായി മാണം ന്ന് പറഞ്ഞാണീ.’


എത്ര കൂട്ടിയാലും കുറുപ്പുമാഷക്കപ്പോള്‍ കണക്കൊന്നും വരില്ല. ചെക്കന്റെ മുന്നില്‍ കണക്കുകൂട്ടി തെറ്റിയാലോ. അതുകൊണ്ടു മാഷ് പറയും : ‘എത്ര്യാച്ചാ യ്യ് ങ്ങ്ട് തന്നളാ. ഒന്നൂല്ലെങ്കിലും അന്നെ കണക്കുപഠിപ്പിക്കണ് ഞാനല്ലേ.’ കിട്ടിയ കാശും മടിയില്‍ തിരുകി കുറുപ്പുമാഷ് അകത്തേക്കുപോകും. എത്ര കൂട്ടിയാലും കണക്കൊട്ടു ശരിയാവൂംല്ല, രണ്ടൂസം ഉറക്കോം വരില്ല. അങ്ങനത്തെ ചെക്കന്റെ ഉത്തരക്കടലാസിലെ അക്കങ്ങളാ ഇപ്പൊ മാഷെ ഇങ്ങനെ വട്ടം ചുറ്റിക്കുന്നത്. വട്ടം ചുറ്റാതെ മാഷെന്തുചെയ്യും?

അക്കങ്ങളൊക്കെ എവിടെയോ പോയൊളിച്ചു. തപ്പിനടന്ന മാഷ് വീണ്ടും ഉറക്കെ വിളിച്ചു: “എടീ ഭാഗീരഥിയേ….” അതുകേട്ട ഒരഞ്ച് മാവിന്‍തുമ്പത്തിരുന്ന് കൈകൊട്ടിച്ചിരിച്ചു. എവിടെനിന്നോ ഓടിവന്ന എട്ട് മാഷുടെ കാലിന്നടിയിലൂടെ പറമ്പിലേക്കോടി പശുക്കുട്ടിയുടെ മുതുകത്തുകയറിയിരുന്ന് മാഷെ വെല്ലുവിളിച്ചു.

കുറുപ്പുമാഷിനു പിരാന്തു പിടിക്കുന്നതുപോലെ തോന്നി. കാല്‍ക്കീഴില്‍ നിന്ന് ഒരു ഓട്ടിന്‍ കഷണം പെറുക്കിയെടുത്ത് പശുക്കുട്ടിയുടെ പുറത്തിരിക്കുന്ന എട്ടിനുനേരെ ഒരേറ്! ഏറുകൊണ്ടതോ പശുക്കുട്ടിയുടെ പള്ള്യ്ക്കും. അത് കണ്ടുകൊണ്ട് പശുക്കുട്ടിക്കുള്ള കരിക്കാടിവെള്ളോമായി ഭാഗീരഥിയമ്മ പുറത്തേക്ക്! പോരേ പൂരം!!


‘ആരെങ്കിലും ഓടിവരണേ….ന്റെ പൈക്കിടാവിനെ ഇയാള്‍ കല്ലെറിഞ്ഞു കൊല്ലുന്നേ…..’
ഭാഗീരഥിയമ്മ അലമുറയിട്ടു.


ഭാഗീരഥിയമ്മയുടെ കരച്ചില്‍കേട്ട് ഞെട്ടിപ്പോയ ‘അഞ്ച്‘ മാവില്‍നിന്ന് പൊത്തോം എന്ന് താഴെ. ഓടിച്ചെന്ന മാഷ് തൊട്ടുതൊട്ടില്ലെന്നായപ്പോള്‍ ‘അഞ്ച്‘ ഓടി ഭാഗീരഥിയമ്മയുടെ കാല്‍ക്കീഴിലൊളിച്ചു. കയ്യില്‍കിട്ടിയ വടിയെടുത്ത് മാഷ് ആയമ്മയുടെ കാല്‍ക്കീഴിലെ അഞ്ചിനെ നോക്കി ആഞ്ഞൊരടി! ‘അഞ്ച്‘ എവിടെയോ ഓടിയൊളിച്ചു. അടികൊണ്ട ഭാഗീരഥിയമ്മ വലിയൊരലറിച്ചയോടെ നിലം പൊത്തിയതുമിച്ചം!

കുറുപ്പുമാഷുടെ വീട്ടിലെ അലറിച്ചയും പരക്കം പാച്ചിലും ഒക്കെ കണ്ട് നാട്ടുകാര്‍ ഓരോരുത്തരായി എത്തിനോക്കാന്‍ തുടങ്ങി. ഇടവഴിയിലെ വേലിക്കല്‍ നിന്ന് നാട്ടുകാര്‍ കുശുകുശുത്തു. ചിലര്‍ മാഷിന്റെ കളികണ്ട് മൂക്കത്ത് വിരല്‍ വച്ചു. മാഷാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ, ഓടിനടക്കുന്ന അക്കങ്ങളുടെ പിന്നാലെ പരക്കം പാഞ്ഞു. ‘മുത്തപ്പാ ആ ചെക്കനോട് ഞാനിപ്പൊ എന്താ പറയ്യാ’ മാഷ് വേവലാതിപ്പെട്ടു.

അപ്പോഴാണ് അലവിമാഷിന്റെ ചെക്കന്‍ ആ വഴി വരുന്നത്. കുറുപ്പുമാഷുടെ വീട്ടിനുമുന്നിലെ ആള്‍ക്കൂട്ടം കണ്ട് ആകാംക്ഷയോടെ ചെക്കനും വേലിക്കല്‍നിന്ന് എത്തിനോക്കി. മാഷിന്റെ കളികണ്ട് ചെക്കന്‍ ചോദിച്ചു: “എന്താ മാസേ..”

പരക്കം പാച്ചിലിനിടയിലും മാഷ് ആ വിളി കേട്ടു. ദയനീയതയോടെ മാഷ് ചെക്കന്റെ മുഖത്തേക്കുനോക്കി. മാവിന്‍ തുമ്പത്തിരുന്ന മൂന്ന് മാഷിന്റെ കഷണ്ടിത്തലയിലേക്കുചാടി എങ്ങോ ഓടി മറഞ്ഞു.

വേലിക്കരുകില്‍ നില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ നോക്കി ചെക്കന്‍ പറഞ്ഞു : “ഞ്ഞി ല്ലാരും പോയൂട്.. വേം കുടീ ചെല്ലാം നോക്ക്.”

ചെക്കനെ നല്ലോണം അറിയുന്ന നാട്ടാര്‍ ഓരോന്ന് പിറുപിറുത്തോണ്ട് മനസ്സില്ലാമനസ്സോടെ പിരിഞ്ഞുപോവാന്‍ തുടങ്ങി.

ചെക്കന്‍ വീട്ടിന്റ്റെ മുറ്റത്തേക്കുകയറി. ദയനീയമായി മാഷ് ഓട്ടിന്‍പുറത്തുകയറിയിരിക്കുന്ന എട്ടിനെ കാട്ടിക്കൊടുത്തു. “അന്റെ ഉത്തരക്കടലാസീന്നു ചാടിപ്പോയതാ…”

ചെക്കന്‍ ഓട്ടിന്‍പുറത്തിരിക്കുന്ന എട്ടിനെ നോക്കി പുഞ്ചിരിച്ചു. പിന്നെ മാവിഞ്ചുവട്ടില്‍ ചാരിവച്ച തോട്ടിയെടുത്ത് ഓട്ടിന്‍പുറത്തെ എട്ടിനിട്ട് ഒരു വലി. എട്ടതാ പൊത്തോം ന്ന് ചെക്കന്റെ കാല്‍ക്കല്‍! ചെക്കനതിനെവാരി ട്രൌസറിന്റെ പോക്കറ്റിലാക്കി. മാവിന്തുഞ്ചത്തെ ഏഴിനേയും, കോഴിക്കൂട്ടിലൊളിച്ച മൂന്നിനേയും, അഞ്ചിനേയും നാലിനേയും ചാടിപ്പോയ മറ്റ് അക്കങ്ങളേയും എടിപിടീന്ന് ചെക്കന്‍ പോക്കറ്റിലാക്കി.

“മാഷേ…. ദാ ങ്ങള്‍ടെ അക്കങ്ങള്‍…” ചെക്കന്റെ കയ്യില്‍നിന്ന് മാഷ് ആശ്വാസത്തോടെ ചാടിപ്പോയ അക്കങ്ങളെ ഏറ്റുവാങ്ങി.

ഇനിയത് എവിടൊക്കെ തിരിച്ച് വയ്ക്കും ?? മാഷ് പിന്നേയും വിയറ്ത്തു. മാഷിന്റെ അമ്പരപ്പ് കണ്ട് ചെക്കന്‍ ചോദിച്ചു : “ എന്താ മാസേ, നമ്മളെഴുതീത് മുയ്യോനും സര്യല്ലേ?”

മാഷ് വിഷണ്ണിച്ച് തലയാട്ടി. പിന്നെ ചെക്കന്റെ ഉത്തരക്കടലാസില്‍ നൂറില്‍ നൂറും കൊടുക്കാന്‍ വയ്യാത്തോണ്ട് തൊണ്ണൂറ്റെട്ട് എന്നെഴുതി ഉത്തരക്കടലാസ് മടക്കിവച്ച് ചാരുകസേരയില്‍ നിവറ്ന്ന് കിടന്നു.

“ന്നാ സരി മാസേ..” ഒരു ചെറുപുഞ്ചിരിയോടെ ചെക്കന്‍ വിടവാങ്ങി.

ആശ്വാസത്തോടെ ഒന്നു മയങ്ങാന് തുടങ്ങിയ മാഷ് ഓട്ടിന്‍പുറത്ത് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണറ്ന്നു.

കണ്ണുതുറന്നുനോക്കിയ മാഷ് കണ്ടത് പടികടന്നു വരുന്ന പാല്‍ക്കാരി പാത്തുമ്മയേയും പത്രക്കാരന്‍ ഗോപാലനേയുമാണ്‍.

അപ്പോള്‍ ഓട്ടിന്‍പുറത്തുനിന്ന് പാല്‍ക്കാരിയ്ക്ക് കൊടുക്കാനുള്ള കാശിലെ അക്കങ്ങളും പത്രക്കാരന്‍ കൊടുക്കാനുള്ള കാശിലെ അക്കങ്ങളും മാഷിന്റെ മുന്നിലേക്കുചാടി ന്രുത്തംവച്ചു.

മാഷ് വിളിച്ചു “ന്റെ മുത്തപ്പാ… ന്റെ ഭാഗീരഥീ……ന്റെ….”

അലവിമാഷിന്റെ ചെക്കന്‍ അപ്പോള്‍ മൂക്കൊലിപ്പിച്ച്, വള്ളിട്രൌസറും വലിച്ചുകയറ്റി, ചക്രവും ഉരുട്ടി പാടത്തിന്റെ അക്കരെ എത്തിയിരുന്നു.

Tuesday, December 4, 2007

ഇന്നു ഞാന്‍ ഈ ബൂ‍ലോ‍ഗം തുടങ്ങുന്നു.
സമയം ഒത്തിരി ആയി, ബാക്കി ഒക്കെ നാളെ.
പിണങ്ങല്ലേ കൂട്ടരേ